കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസില്‍ ഇടപെട്ടതിന് മാപ്പുപറഞ്ഞ് സിഎംഐ സഭ ജലന്തര്‍ രൂപതയ്ക്ക് കത്തയച്ചു. ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് സിഎംഐ സഭ മാപ്പ് അറിയിച്ചത്.
ഇത് വ്യക്തമാക്കുന്ന കത്ത് ജലന്തര്‍ രൂപതയ്ക്ക് അയച്ചു. സിഎംഐ സഭയിലെ വൈദികന് സ്വമേധയായ ഇടപെട്ടതാണെന്ന് ജലന്തര്‍ രൂപതയും വ്യക്തമാക്കി. പീഡനക്കേസ് ഒതുക്കാന്‍ സിഎംഐ സഭയിലെ വൈദികനെ ഉപയോഗിച്ചിട്ടില്ലെന്നും ജലന്തര്‍ രൂപത വൈദിക സമിതി അധ്യക്ഷന്‍ മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ വെളിപ്പെടുത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസന്വേഷണത്തെ ഭയക്കുന്നില്ല. അറസ്റ്റടക്കമുള്ള നടപടികളുണ്ടായാലും ബിഷപ്പിനൊപ്പം ഉറച്ച് നില്ക്കും. പരാതിക്കാരിയായ കന്യാസ്ത്രിയുടെ പിന്നില്‍ മറ്റാരൊക്കയോ ഉണ്ടെന്നും. കേസന്വേഷണത്തില്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.