കൊച്ചി: ഉപജീവനത്തിനായി മത്സ്യവില്പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ചങ്ങനാശേരി സ്വദേശി പ്രശാന്ത്, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്, കൊല്ലം സ്വദേശി സിയാദ്, അടിമാലി സ്വദേശി ബേസില്‍ എന്നിവരാണ് സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവര്‍. കേസില്‍ 24 സൈബര്‍ കുറ്റവാളികളുടെ പട്ടികയാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്.
ഹനാനെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കളക്ടറോടും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.