കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ ഒന്നരവയസ്സുകാരന് വിയാന്റെ കൊലപാതകത്തിന് പിന്നില്‍ അമ്മ ശരണ്യ. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കുട്ടിയെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെന്ന് ശരണ്യ വെളിപ്പെടുത്തി. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്.
രാത്രിയില്‍ അച്ഛന് പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന വിയാനെ എടുത്തുകൊണ്ടുപോയി ശരണ്യ കടലിലെറിഞ്ഞ് കൊല്ലുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ രാവിലെ കുഞ്ഞിനെക്കാണുന്നില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കടല്‍ത്തീരത്തെ കല്ലിനടുത്ത് വെച്ച് കണ്ടെത്തിയത്.
വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്ക്കാണെന്നും ഭര്‍ത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തില്‍ പങ്കില്ലെന്നും പോലീസ് ഇന്‍സ്പെക്ടര്‍ പി ആര് സതീശന് സൂചിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പോലീസ് വിട്ടയച്ചു. തുടര്‍ന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു.
സംഘര്‍ഷഭരിതമായ രംഗങ്ങളായിരുന്നു ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ഉണ്ടായത്. വീട്ടിനകത്ത് പ്രവേശിച്ചപ്പോള്‍ ശരണ്യയോട് അവരുടെ അമ്മ രോഷം പ്രകടിപ്പിച്ചു. പിന്നീട് ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്നും കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു.