തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണെന്നും കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഭരണം നടത്തുന്നത് അല്ലാതെ രാഷ്ട്രപതി ഭരണമല്ലെന്നും കോടിയേരി പ്രതികരിച്ചു.
കീഴാറ്റൂര്‍ പാതയുടെ അലൈന്മെന്റ് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പാതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യേണ്ടത്. സംസ്ഥാനത്തെ അറിയിക്കാതെ സംസ്ഥാനത്തിന്റെ പ്രതിനിധികളാരുമില്ലാതെ ഈ വിഷയം സമരക്കാരുമായി ചര്‍ച്ച ചെയ്തത് തിരഞ്ഞെടുപ്പിലെ വോട്ട് മുന്നില്‍കണ്ടാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം, കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യതാ പഠനത്തിന് കേന്ദ്രം സമിതിയെ നിയോഗിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ആര്‍എസ്എസ് സമ്മര്‍ദഫലമായാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എന്‍എച്ച് വികസനത്തിന് പാരവെക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.