തൃശ്ശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒറ്റപ്പാലം സ്വദേശി കുഞ്ഞുലക്ഷ്മിയുടേതെന്ന് കണ്ടെത്തി. കൊലപാതകം അല്ല എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആത്മഹത്യയാകാം എന്നാണ് പോലീസ് നല്കുന്ന സൂചന.
കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ കുഞ്ഞുലക്ഷ്മിയെ കാണാതായിരുന്നു. തുടര്‍ന്ന് ഒമ്പതാം തീയതി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം നടന്ന് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു കുഞ്ഞു ലക്ഷ്മി. എന്നാല്‍ ആത്മഹത്യയാണെന്ന പോലീസ് നിഗമനം ബന്ധുക്കള്‍ നിഷേധിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
ഇന്നലെയാണ് തൃശ്ശൂരില്‍ സംസ്ഥാന പാതക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി കുറുവാഞ്ചേരിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടായിരുന്നു.സംഭവം കൊലപാതകമാണെന്ന് ആയിരുന്നു പോലീസിന്റെ പ്രഥമിക നിഗമനം.