തിരുവനന്തപുരം: എഎംഎംഎയിലെ വനിതാ അംഗങ്ങള്‍ കേസില്‍ കക്ഷി ചേരുന്നതിനെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. കേസ് നടത്താന്‍ 25 വര്‍ഷം അനുഭവ സമ്പത്തുള്ള അഭിഭാഷകനെ വേണമെന്നായിരുന്നു എഎംഎംഎയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന് കുട്ടിയും ഹണി റോസും ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന് നിലപാടെടുത്തു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കേസ് നന്നായി നടത്തുന്നുണ്ടെന്നും അവര്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ എഎംഎംഎയിലെ എക്സിക്യൂട്ടിവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേര്‍ന്നത് രാവിലെയാണ്. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പുതിയ നീക്കം. വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന നിലപാടണാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.