കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ അടുത്ത മാസം പതിനൊന്നിന് തന്നെ ആരംഭിക്കുമെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. അതേസമയം, മാറി താമസിക്കാനായി ജില്ലാ ഭരണകൂടം നല്കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്ന ആരോപണവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്ത് എത്തി.
മാറി താമസിക്കാന്‍ ജില്ലാഭരണകൂടം കണ്ടെത്തി നല്കിയ ഫ്ളാറ്റുകളില്‍ വിളിക്കുമ്പോള്‍ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ ഫ്ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശമായ മറുപടിയാണെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
അതേസമയം മരട് കേസില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളി.