കോട്ടയം: മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി പോലീസിനെ വലച്ചത് മണിക്കൂറുകളോളം. ചങ്ങനാശ്ശേരി നഗരമധ്യത്തിലെ പഴക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ പിടിയിലായ കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ് (40) പോലീസിനു തലവേദനയായത്. അവശത അഭിനയിച്ച ശേഷം തന്നെ മര്‍ദിച്ചെന്ന് കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമെന്ന് ഇയാള്‍ പോലീസിനെ ഭീഷണിപ്പെടുത്തി.
ഇന്നലെ രാവിലെ നാലരയോടെയാണ് മോഷണശ്രമത്തിനിടെ സുനില്‍കുമാറിനെ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് സംഘം പിടികൂടിയത്. ഇതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അഭിനയിച്ച സുനിലിനെ ഉടന്‍ തന്നെ പോലീസുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ പരിശോധനയില്‍ ഇയാള്‍ക്ക് അസുഖമുള്ളതായി കണ്ടെത്താനായില്ല. ഇതോടെ തന്റെ വലതു കൈയ്ക്ക് ഒടിവുണ്ടെന്നും വേദന സഹിക്കാനാവുന്നില്ലെന്നും പറഞ്ഞ് ബഹളം വെച്ച സുനിലിനെ പിന്നീട് പോലീസുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയില്‍ ഇയാളുടെ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി.
കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന് എസ്ഐ ഷമീര്‍ഖാന്‍ പറഞ്ഞു. ആവശ്യമായ ചികിത്സ നല്‍കിയശേഷം പോലീസ് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ തലവേദന അതോടെ തീര്‍ന്നിരുന്നില്ല. തന്നെ പോലീസ് മര്‍ദിച്ചെന്നു കാട്ടി ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്നും പറഞ്ഞ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും തുടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.