ഇടുക്കി: പ്രകൃതിയുടെ മനോഹാരിത നീലക്കുറിഞ്ഞിയും വരയാടുകളും എല്ലാം ഇനി പോലീസ് സ്റ്റേഷന് ചുമരുകളില്‍ കാണാം. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലെ ചുവരുകളിലാണ് നീലക്കുറിഞ്ഞിയും വരയാടുകളും നിറങ്ങളാല്‍ നിറഞ്ഞ് നില്ക്കാന് ഒരുങ്ങുന്നത്. മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം നിറങ്ങളില്‍ ചാലിച്ച് വരയ്ക്കുന്നത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ്.
രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ ശ്രീ നാരായണ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒരുകൂട്ടം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഡിവൈഎസ്പി ഓഫീസിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. മൂന്നാര്‍ പോലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസുമെല്ലാം ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചത്.
മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ ഓഫീസ് കെട്ടിടം തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. ജനമൈത്രി പോലീസ് മൂന്നാര്‍ സബ് ഡിവിഷന് കോ-ഓര്‍ഡിനേറ്ററായ പിഎസ് മധുവിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികളുടെ കലാവിരുത്. ചിത്രരചനയ്ക്ക് നേതൃത്വം നല്‍കുന്നത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നയന്‍ സൂര്യയാണ്.
സഹപാഠികളായ അതുല്‍, വിനു, നിതിന്‍ കൃഷ്ണ, തമിഴരസന്, ഡാനിയേല്‍ എന്നിവരാണ് സഹായികള്‍. അവധി ദിവസം കണ്ടെത്തിയാണ് വിദ്യാര്‍ത്ഥികളുടെ ചിത്രരചന. മൂന്നാറിലെ പ്രകൃതി സൗന്ദര്യത്തിനൊപ്പം കാട്ടാനയും കാട്ടുപോത്തും മനം കുളുര്‍ക്കുന്ന തേയിലത്തോട്ടങ്ങളും ചുമരുകളില്‍ നിറങ്ങളാല്‍ തെളഇയും.
മൂന്നാര്‍ മറയൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി ഓഫീസ് കെട്ടിടം ദേവികുളം റോഡിലെ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലേയ്ക്കാണ് മാറ്റുന്നത്. അടുത്ത മാസം കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്ഘാടനത്തിന് മുന്‍പേ ചിത്രരചന പൂര്‍ത്തിയാക്കാനാണ് വിദ്യാര്‍ത്ഥികളുടെ പരിശ്രമം.