തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതിനാല്‍ സംസ്ഥാനത്ത് കാലവര്‍ഷം വാണ്ടുമെത്തുന്നു. ഓഗസ്റ്റ് നാല് മുതല്‍ ഏട്ട് വരെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാധകമാണ്. ഈ പ്രദേശങ്ങളില്‍ ശക്തമായോ അതിശക്തമായോ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിട്ടുണ്ട്. ഞായറാഴ്ചമുതല്‍ ഏഴാംതീയതിവരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തീയതിവരെ കേരള തീരത്തും കടലില്‍പ്പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍ തീരത്തിന് അടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാതെ എട്ടാംതീയതിയോടെ കരയിലേക്ക് കടക്കുമെന്നാണ് സൂചന.