തിരുവനന്തപുരം: കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റിലായി. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റോടെ കേസിന്റെ നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ അഖിലിനെ കണ്ടെത്താന്‍ പൊഴിയൂര്‍ എസ്ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാര്‍ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
പിന്നീട് രാഖിയെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന് അഖിലിലേക്ക് പോലീസ് എത്തിയത്.
തുടര്‍ന്ന് അഖിലിന്റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.