പൂവാര്‍: പൂവാര്‍ സ്വദേശിനി രാഖിയുടെ ജീര്‍ണിച്ച മൃതശരീരം തിരുവനന്തപുരം അമ്പൂരിയില്‍ കാമുകന്റെ പുരയിടത്തില്‍ കണ്ടെത്തിയ സംഭവം സിനിമാക്കഥയെ വെല്ലുന്ന കൊലപാതകമെന്ന് പോലീസ്. എറണാകുളത്ത് ജോലി ചെയ്യുന്ന രാഖി സുഹൃത്തുക്കള്‍ക്ക് എന്ന് പറഞ്ഞ് പലഹാരങ്ങളുമായി ജൂണ്‍ 21ന് ആണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ വിളിച്ചന്വേഷിക്കാത്തതിനാല് രാഖിയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ കിട്ടാതായതോടെയാണ് വീട്ടുകാര്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായിരിക്കുന്നത്. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ സൈന്യത്തില്‍ ജോലി ചെയ്യുന്ന അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കേസിന്റെ ഗതി മാറിയത്. ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഈ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന ലഭിച്ചതും. 21ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കാണ് പോയത്. അമ്പൂരി തട്ടാന്മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുമ്പോള്‍ അവിടെ അഖിലിന്റെ സഹോദരനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറും സീരിയല്‍ സാങ്കേതിക പ്രവര്‍ത്തകനുമായ രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തുനിന്നാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. കേസിന്റെ അന്വേഷണം മാറ്റി മറിക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായി.
ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.