ആലുവ: തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും. നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാര്‍. രാസവസ്തുക്കള്‍ ചേര്‍ത്ത് വ്യാജ തേനുണ്ടാക്കുന്നവരെ ആലുവയില്‍ പോലീസ് പിടികൂടി. കൃത്രിമ തേന്‍ നിര്‍മ്മാണത്തിനിടെ നാടോടികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയിലാണ് കൃത്രിമ തേനുണ്ടാക്കുന്ന നാടോടി സംഘം തമ്പടിച്ചിരുന്നത്. സംഘത്തിലെ സ്ത്രീകളാണ് തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്മാര് ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും. നിറത്തിനായി വാര്‍ണിഷും ചേര്‍ത്താണ് വ്യാജതേന്‍ തയ്യാറാക്കുന്നത്.
ഇതിനായി സംഘം ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളത്തരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പോലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്കി.