വയനാട്: വയനാട്ടില്‍ തമിഴനാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവര്ത്തകന് സജീവാനന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകന് മുഖേനയാണ് സജീവാനന്ദന് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഇയാള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ട് പോയിട്ടില്ലെന്നാണ് നിഗമനം.
ഞായറാഴ്ച്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദന് ക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പോലീസ് കേസെടുത്തത്.