തൊടുപുഴ: ജന്മനായുള്ള കുറവ് മനക്കരുത്തുകൊണ്ട് നേടി ജീവിതം കളറാക്കി തൊടുപുഴ സ്വദേശിനി ജിലുമോള്‍. തൊടുപുഴ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മകളായ ജിലുമോള്‍ മരിയറ്റ് തോമസിന് ജന്മനാ കൈകളില്ല. എന്നാല്‍ അവയെ മറികടന്ന് അഴള്‍ ചിത്രം വരച്ചു. ഇന്ന് അവള് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരുന്നു.
കാറോടിക്കണമെന്നാണ് ജിലുവിന്റെ അടുത്ത ആഗ്രഹം. കൈകളില്ലെന്നു പറഞ്ഞ് ആദ്യം അധികൃതര്‍ അവളെ വിലക്കി. എന്നാല്‍ നിയമപോരാട്ടം നടത്തി അവള് ലേണേഴ്സ് എഴുതാന്‍ അനുമതിയും നേടി. 2014-ലാണ് കാറോടിക്കാനായി അനുമതി തേടി എത്തിയത്. രണ്ട് കൈകളുമില്ലാത്ത ജിലുമോള്‍ എങ്ങനെ കാറോടിക്കുമെന്നായിരുന്നു ചോദ്യം. കാലുകൊണ്ടോടിക്കുമെന്ന ഉത്തരം അവര്‍ക്ക് വിശ്വസിക്കാനായില്ല.
കൈകളില്ലാത്ത മറ്റാരുടെയെങ്കിലും ലൈസന്‍സ് ഹാജരാക്കിയാല്‍ ലേണേഴ്സിന്റെ അപേക്ഷ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു മറുപടി. ഒരുപാട് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കണ്ടെത്താന്‍ ജിലുമോള്ക്കായില്ല. ഇതിനിടെ കുമളിയില്‍ ഒരു സ്കൂളില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് അഭിഭാഷകനായ ഷൈന്‍ വര്‍ഗീസിനെ കാണുന്നത്. തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ നിയമപോരാട്ടം നടത്താന്‍ കൂടെനില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ജിലുമോളുടെ ലേണേഴ്സ് ടെസ്റ്റിനായുള്ള അപേക്ഷ സ്വീകരിക്കാന്‍ തൊടുപുഴ ആര്‍ടിഒക്ക് കോടതി നിര്‍ദേശം നല്കി. വ്യാഴാഴ്ച ജിലുമോള്‍ ലേണേഴ്സ് ടെസ്റ്റിനുള്ള അപേക്ഷ നല്കി. ഇനി ജിലുമോള്‍ക്ക് ഓടിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ കാര്‍ ഹാജരാക്കിയാല്‍ ലേണേഴ്സ് എഴുതാം. ഇനി പഠനമാണ്. കഠിനമായി പരിശ്രമിച്ച് കാറുമായി നിരത്തിലിറങ്ങുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ പോരാളി.