തൃശ്ശൂര്‍: തുടരെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് കൂടി. കാലവര്‍ഷം കുറഞ്ഞപ്പോള്‍ വറ്റിപോയ അതിരപ്പിള്ളി വെള്ളച്ചാട്ടം തുടര്‍ച്ചയായി മഴ പെയ്ത് തുടങ്ങിയതോടെ സ്വാഭാവിക ഭംഗി വീണ്ടെടുത്ത് കവിഞ്ഞ് ഒഴുകുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന മഴയും പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നതുമാണ് അതിരപ്പിള്ളിയിലെ ജലസമൃദ്ധിക്ക് കാരണം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മഴ കുറവായിരുന്നതിനാല്‍ വെള്ളച്ചാട്ടം മുന്‍പില്ലാത്ത വിധം നേര്‍ത്ത് പോയിരുന്നു. ഒഴുക്കു കൂടിയതോടെ അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
മണ്‍സൂണ്‍ ടൂറിസവും മഴയാത്ര സംഘങ്ങളുമെല്ലാം അതിരപ്പിള്ളി കേന്ദ്രീകരിച്ച് ധാരാളം എത്തുന്നുണ്ട്. കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ അവധി ദിവസങ്ങളാകുമ്പോള്‍ വീണ്ടും കൂടുമെന്നാണ് പ്രതീക്ഷ.
അതേസമയം, പെരിങ്ങല്‍ക്കുത്ത് ഡാം തുറന്ന് വിട്ടതോടെ രണ്ട് അടിയെങ്കിലും ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒഴുക്കു കൂടാന്‍ ഇടയുള്ളതിനാല്‍ പുഴയിലിറങ്ങുന്നതില് അടക്കം സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം ഉണ്ട്.