വയനാട്: ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍കെ ഷാജി രാജിവെച്ചു. വയനാട്ടില്‍ ബിജെപി തുഷാര്‍ വെള്ളാപ്പള്ളിക്ക് വോട്ടു ചെയ്തില്ലെന്ന് ആരോപണം ഉന്നയിച്ചായിരുന്നു രാജി. ദേശീയ നേതാക്കളുള്‍പ്പെടെ വയനാട് മണ്ഡലത്തെ അവഗണിച്ചെന്നും ബിജെപി പ്രവര്‍ത്തകര്‍ നിസ്സംഗമായാണു പ്രവര്‍ത്തിച്ചതെന്നുമായിരുന്നു ഷാജിയുടെ ആരോപണം.
വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് അറിയിച്ചതോടെയാണ് അവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ തുഷാര്‍ വെള്ളാപ്പള്ളി എത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബിജെപി പങ്കാളിത്തം കുറഞ്ഞതും പ്രചാരണത്തിനായി ബിജെപി നേതാക്കള്‍ ആരും എത്താത്തതും വാര്‍ത്തകള്‍ക്ക് വഴിയൊരുക്കി.
ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. പരസ്യമായി ബിജെപിക്കെതിരെ അഭിപ്രായം പറഞ്ഞതിന് തുഷാര്‍ വെള്ളാപ്പള്ളി ഷാജിയെ അതൃപ്തി അറിയിച്ചതായും സൂചനകളുണ്ട്. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.