ചങ്ങനാശ്ശേരി: എസ് ഹരീഷിന്റെ വിവാദ നോവല്‍ ‘മീശ’ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധവുമായി, മാതൃഭൂമി പത്രം ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങി എന്‍എസ്എസിന്റെ പ്രചാരണം.
ഓഗസ്റ്റ് ഒന്ന് മുതല്‍ മാതൃഭൂമി ദിനപ്പത്രം എന്‍എസ്എസ് അംഗങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ചങ്ങനാശേരിയിലെ ആസ്ഥാനത്ത് നിന്നും എല്ലാ കരയോഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. മാതൃഭൂമി പത്രത്തിനും ‘മീശ’ നോവലിനുമെതിരെ പ്രകടനമൊന്നും പാടില്ലെന്നും പത്രം കത്തിക്കുന്നത് പോലുള്ള പ്രതിഷേധങ്ങള്‍ അരുതെന്നുമായിരുന്നു ആസ്ഥാനത്തു നിന്നും വാക്കാലുള്ള നിര്‍ദ്ദേശം. എന്നാല്‍ ചിലയിടങ്ങളില്‍ പ്രകടനവും പത്രം കത്തിക്കലും നടന്നു.
എന്‍എസ്എസിനെ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ വര്‍ഗീയത പരത്താനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം തങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വാധീനമില്ലെന്നും എല്ലാ പാര്‍ട്ടിയിലുമുള്ളവര്‍ എന്‍എസ്എസില്‍ അംഗങ്ങളാണെന്നും എറണാകുളം ജില്ലയിലെ മുരിയമംഗലം കരയോഗം അംഗം പ്രദീപ് നെല്ലിക്കുന്നേല്‍ പറഞ്ഞു.
മറ്റ് ഹിന്ദു സമുദായക്കാരും പ്രകടനത്തില്‍ പങ്കെടുത്തെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. എന്‍എസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം ലംഘിച്ച് മുരിയമംഗലം കരയോഗം പ്രകടനം നടത്തുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. പത്ര ബഹിഷ്കരണം ഏതാണ്ട് എല്ലായിടങ്ങളിലും നടപ്പായി കഴിഞ്ഞെന്നും പ്രദീപ് ചൂണ്ടിക്കാട്ടി. ഇത് ഹിന്ദു വികാരം വ്രണപ്പെട്ടതിന് തെളിവാണെന്നും പ്രദീപ് പറയുന്നു.
മീശ എന്ന നോവല്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതായി ആരോപിച്ചാണ് നോവലിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ”സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് സജ്ജരാണെന്ന് മറ്റുള്ളവരെ അറിയിക്കാനാണ്. അതിനാലാണ് മാസത്തിലെ അഞ്ച് ദിവസങ്ങളില്‍ അവര്‍ ക്ഷേത്രത്തില്‍ പോകാത്തത്” എന്ന നോവലിലെ പരാമര്‍ശമാണ് വിവാദമായത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ തന്റെ ഈ അഭിപ്രായ പ്രകടനത്തിലൂടെ ഹരീഷും നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയും ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ഹരീഷിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിമാര്‍ക്കുമെതിരെ അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. ഇതോടെയാണ് നോവല്‍ പ്രസിദ്ധീകരണത്തില്‍ നിന്നും മാതൃഭൂമി പിന്‍വാങ്ങിയത്. തുടര്‍ന്ന് നോവല്‍ പുസ്തക രൂപത്തില്‍ ഡിസി ബുക്സ് പുറത്തിറക്കുകയും ചെയ്തു.
ജൂലൈ 30ന് മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വിശദീകരണ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണത്തിലും നോവലിനെയും അതിലെ പരാമര്‍ശത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനം.