കൊച്ചി: അമാനവ അനാര്‍ക്കിസ്റ്റുകളുടെ നിലപാടുകളിലെ പൊള്ളത്തരത്തെയും ഇവരുയര്‍ത്തുന്ന അപകടത്തെയും കുറിച്ച് പ്രശസ്ത എഴുത്തുകാരന് ഉണ്ണി ആര് മാസങ്ങള്‍ക്ക് മുമ്പു തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
2017 ഏപ്രിലില്‍ പച്ചക്കുതിര മാസികയ്ക്ക് നല്കിയ തന്റെ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:
”എഴുപതുകളില്‍ ലോകത്തു മുഴുവന്‍ ഉണ്ടായിട്ടുള്ള ഒരു വലിയ മാറ്റമുണ്ട്. ഫ്ളവറി പീരിയഡ് എന്ന് നമ്മള് പറയുന്ന കാലം. പച്ചകുത്തിയും പാട്ടുപാടിയും ഒക്കെ ലിബറേറ്റ് ചെയ്യപ്പെട്ടവരാണവര്‍. സാഹിത്യത്തിലും സംഗീതത്തിലും ഒക്കെ അത് പ്രതിഫലിച്ചു. ഇന്നിപ്പോള്‍ ചിലര്‍ എഴുപതുകളെ മിമിക് ചെയ്യുകയാണ്. ഒരു ഐഡിയോളജിയോ രാഷ്ട്രീയമോ ഇല്ല. ചെഗുവേരയുടെയും ജിമ്മി ഹെന്റിക്സിന്റെയും ഒക്കെ ചിത്രങ്ങളുടെ വല്ലാത്ത വന്യത ഇവര്‍ ആഘോഷിക്കും. അതിനപ്പുറം ഒരു രാഷ്ട്രീയവുമില്ല. ആ തോന്നല്‍ എനിക്കുള്ളതുകൊണ്ടാണ് ‘മുന്നറിയിപ്പ്’ എന്ന സിനിമയില്‍ ചെഗുവേരയുടെ ടി ഷര്‍ട്ടിട്ട് വരുന്ന പയ്യനോട് ഇതാരാണെന്ന് ചോദിക്കുമ്പോള്‍ വലിയ ഡി.വൈ.എഫ്.ഐക്കാരനാണു പറയിച്ചത്. ജീന്‍സ് ഒരു റിവോള്‍ട്ടിന്റെ ഭാഗമായിരുന്നു. ഇവര്‍ ആരോടാണ് പ്രൊട്ടസ്റ്റ് ചെയ്യുന്നത്. മൂന്നുവയസ്സുകാരിയായ ഒരു കുഞ്ഞിനെ കളിപ്പാട്ടമോ ചോക്ലേറ്റോ കൊടുത്ത് കാമപുരാണത്തിനായി പീഡിപ്പിക്കാം എന്ന് വാദിക്കുന്നത് എന്തൊരു ക്രൂരതയാണ്. ‘ആലീസിന്റെ അദ്ഭുതലോകം’ എന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ട്. പ്രസവിച്ചു കൈയില്‍ കിട്ടിയ കുഞ്ഞിനെപ്പോലും ആരെന്നോ എന്തെന്നോ തിരിച്ചറിയാത്ത ഒരു പെണ്‍കുട്ടിയുടെ അവസ്ഥയാണ് ആ കഥയില്‍ പറഞ്ഞത്. കുഞ്ഞുങ്ങളെ ആക്രമിക്കുന്നവര്‍ ‘ഫക്ക് ഹ്യുമനിസം’ എന്നുതന്നെ പറയണം. അതാണ് ശരി.”
കണ്ണൂര്‍ സ്വദേശിയും ആക്റ്റിവിസ്റ്റുമായ രജീഷ് പോള്‍, സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകനും സിനിമാ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ രൂപേഷ് കുമാര്‍, ചിത്രകാരനും ശില്പ്പിയുമായ ജീവന് തോമസ് എന്നിവര്‍ക്കെതിരെയാണ് ഫേസ്ബുക്ക് വെളിപ്പെടുത്തലുകളുമായി സ്ത്രീകള്‍ രംഗത്ത് എത്തിയത്.
ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറില്‍ നിന്നും ഒരു യാത്രക്കിടയിലുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകയായ ആരതി രഞ്ജിത്താണ് തുറന്നുപറച്ചിലിന് തുടക്കം കുറിച്ചത്. ജോലിയുടെ ഭാഗമായി തൂത്തുക്കുടിയിലേക്ക് രൂപേഷ് കുമാറിനൊപ്പം പോയ സമയത്ത് ഇയാള്‍ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയതിനെ പറ്റിയാണ് ആരതി ഫേസ്ബുക്കില്‍ എഴുതിയത്.
തുടര്‍ന്നാണ് അമാനവ സംഗമത്തിന്റെ സംഘാടകനായ രജീഷ് പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പീഡനത്തിനിരയായ കുട്ടിയ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സ്വകാര്യചിത്രങ്ങള്‍ സോഷ്യല്‍മീഡയയില്‍ പ്രസിദ്ധീകരിക്കുമെന്നും രജീഷ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
ജീവന് തോമസ് എന്ന ചിത്രകാരനും ശില്പ്പിയുമായ വ്യക്തിക്കെതിരെയാണ് മറ്റൊരു യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.