പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ആക്റ്റിവിസ്റ്റ് രജീഷ് പോളിനെതിരെ കേസെടുത്തു. അമാനവ സംഗമത്തിന്റെ സംഘാടകനായ രജീഷ് പോളില്‍ നിന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പാലക്കാട് പോലീസാണ് കേസെടുത്തത്.
പീഡന വിവരം ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടിരുന്നു. സുഹൃത്തായിരുന്ന രജീഷ് അയാളുടെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. 16 വയസിലാണ് രജീഷില്‍ നിന്നും ലൈംഗികാതിക്രമത്തിനും മാനസികപീഡനത്തിനും ഇരയായതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
അതേസമയം, സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല് വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമീഷന് നിര്‍ദേശം നല്കി.