കൊച്ചി: കടല്‍ക്ഷോഭം ശക്തമാകാറുള്ള എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ആശ്വാസ വാക്കുകളുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് എത്തി. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം നടത്തിയ കളക്ടര്‍ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. അവിടെയുള്ള നാട്ടുകാരുടെ പരാതികള്‍ കേട്ട കളക്ടര്‍ അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് തിരിച്ച് മടങ്ങിയത്.
കളക്ടറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ചെല്ലാനത്തെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക റിവ്യൂവിന് മുന്‍പായി അവിടെ നേരിട്ടെത്തി അനൗദ്യോഗികകമായി കാര്യങ്ങള്‍ വിലയിരുത്താം എന്ന് കരുതിയാണ് ഇന്ന് ചെല്ലാനത്തേക്കു എത്തിയത് , എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഈ ഒഴിവു ദിവസവും സെന്റ് ആല്‍ബെര്‍ട്സ് കോളേജിലെയും സെന്റ് തെരേസാസ് കോളേജിലെയും അനുജന്മാരും അനിയത്തിമാരും ഇവിടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നു, ആദ്യമായി അവര്‍ക്കെന്റെ അഭിനന്ദനങ്ങള്‍.
4450 ജിയോ ബാഗുകള്‍ വാങ്ങിയതില്‍ 3675 ബാഗുകള്‍ വിവിധയിടങ്ങളിലായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് , ബാക്കി 775 ബാഗുകള്‍ അടിയന്തിരആവശ്യങ്ങള്ക്കുവേണ്ടി ഫോര്‍ട്ട് കൊച്ചി താലൂക്ക് ഓഫീസില്‍ കരുതലായി വെച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈല്‍ ട്യൂബുകളുടെ ജോലി ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയും , അതിനു വേണ്ട എല്ലാ പിന്തുണയും ജില്ലാഭരണകൂടം നല്‍കും , അടുത്ത വര്‍ഷം ഈ ഭീകര അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാന്‍ നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം .
ഈ പ്രശ്നസമയത്തെല്ലാം അവര്‍ക്കു കരുത്തു നല്കിയ വേളാങ്കണ്ണി പള്ളിയില്‍ അല്പനേരം പ്രാര്‍ഥിച്ചശേഷം മത്സ്യത്തൊഴിലാളി സഹോദരനായ മാര്ട്ടിന് കുട്ടപ്പശ്ശേരി ചേട്ടന്റെ സ്നേഹത്തിനു മുന്പില് ചേച്ചിയുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു. രുചിയോടൊപ്പം ഈ വേദനയിലും എന്നോട് കാണിച്ച ഈ സ്നേഹത്തിനു മറുപടിയായി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തീര്‍ത്തു നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം.