തൃശ്ശൂര്‍: സംസ്ഥാനത്ത് ഇത്തവണ മഴ കുറഞ്ഞതോടെ പല സ്ഥലങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. മഴയുടെ കുറവ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലും പ്രതിഫലിച്ചു. വെള്ളച്ചാട്ടത്തിന്റെ ശക്തി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. ഇപ്പോള്‍ ഇവിടെയുളളത് 20 ശതമാനം വെള്ളം മാത്രമാണ്. വെള്ളച്ചാട്ടത്തിന്റെ ശക്തി ഏറ്റവും കൂടുതലുണ്ടാവേണ്ട ജൂണ്‍-ജൂലായ് മാസങ്ങളില്‍ വേനല്‍ക്കാലത്തെന്ന പോലെയാണ് അതിരപ്പിള്ളി ഇപ്പോള്‍ ഒഴുകുന്നത്.
സാധാരണയുള്ള മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ശക്തി കുറഞ്ഞ വെള്ളച്ചാട്ടം ഇപ്പോള്‍ നേര്‍ത്തു തുടങ്ങിയിരിക്കുകയാണ്. അതിരപ്പിള്ളി-വാഴച്ചാല്‍ കാടുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ 50 ശതമാനം കുറഞ്ഞതാണ് തിരിച്ചടിയായത്.
സാധാരണ ഈ സമയത്ത് വെള്ളച്ചാട്ടം കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്. എന്നാല്‍ മണ്‍സൂണ്‍ സീസണില്‍ വെള്ളച്ചാട്ടം കാണാന്‍ വന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വരികയാണ്. ഈ നിലയ്ക്ക് പോയാല്‍ വെള്ളച്ചാട്ടം തന്നെ ഇല്ലാതാകുമൊയെന്ന ആശങ്കയിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍.