കോട്ടയം: ജനങ്ങളുടെ സുരക്ഷയ്ക്കായി എത്ര തന്നെ നിയമങ്ങള്‍ ഇറക്കിയാലും അതെല്ലാം നിഷ്പ്രയാസം തള്ളുന്ന ഒരു ജനതയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ളത്. മദ്യപിച്ച് വണ്ടി ഓടിക്കരുത്, മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്, ഓവര്‍ടേക്കിംഗ് അരുത് ഇങ്ങനെ നീളും നിയമങ്ങള്‍. ഇതെല്ലാം റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്ക് തടയിടുവാന്‍ വേണ്ടിയാണ് കൊണ്ടു വന്നിട്ടുള്ളത്. എന്നാല്‍ ഈ നിയമങ്ങള്‍ മുക്കാലും തെറ്റിക്കുന്നവരാണ്.
ഇവിടെയും അത്തരത്തിലൊരു നിയമലംഘനം തന്നെയാണ് ചര്‍ച്ചയാകുന്നത്. നിറയെ യാത്രക്കാരുമായി വന്ന ബസിലെ ഡ്രൈവര്‍ മദ്യലഹരിയിലാണ് വണ്ടി ഓടിച്ചത്. അപകടരമാം വിധം ആയിരുന്നു അയാളുടെ ഡ്രൈവിംഗ്. എന്നാല്‍ ഇതിനിടയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റോഡില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ടായിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
എന്നാല്‍ കുഴഞ്ഞത് മറ്റാരുമല്ല, ബസിലെ യാത്രികരായിരുന്നു. കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ളവരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇതോടെ പരിശോധനയ്ക്കുണ്ടായ പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറായി മാറി. ബസില്‍ കയറി വളയം പിടിച്ചു. മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മനു കെ തോമസ് ആണ് ഡ്രൈവറായി ജനങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിച്ചത്.
ചെത്തിമറ്റം മുതല്‍ പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡ് വരെയാണ് മനു ബസ് ഓടിച്ചത്. ഇടയ്ക്ക് യാത്രക്കാരെ ഇറക്കുകയും ചെയ്തു. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എല്ലാവരെയും ഇറക്കിയ ശേഷമാണ് ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക് അദ്ദേഹം തിരിച്ചത്. ഇതോടെ മനുവിന് കൈയ്യടിച്ചും അഭിനന്ദനങ്ങള്‍ നേര്‍ന്നും സോഷ്യല്‍മീഡിയ രംഗത്തുണ്ട്. ഉഴവൂര്‍ കുന്നുംപുറത്ത് മനു കെ തോമസ് 2003 ല്‍ സേനയില്‍ ചേരുന്നതിനു മുന്‍പ് ഡ്രൈവറായിരുന്നു. ലോറിയും ബസും ഓടിച്ചിട്ടുണ്ട്. പോലീസ് ക്യാംപിലെ ആദ്യ ദിനങ്ങളില്‍ ഔദ്യോഗിക വാഹനവും ഓടിച്ച പരിചയം ഉണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ബസ് ഓടിക്കാന്‍ മനു മുന്‍പോട്ട് വന്നത്.