മലമ്പുഴ: ആറങ്ങോട്ടുകുളമ്പ് പടലിക്കാട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ചായക്കുടിക്കാന്‍ ഇറങ്ങിയ പടലിക്കാട്ടെ മുത്തുവിന് (67) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിനു പുറത്തിറങ്ങിയ മുത്തുവിന് നേരെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ വെച്ചുള്ള കാട്ടാനയുടെ ആക്രമണത്തില്‍ മുത്തുവിന്റെ ചെവിയുടെ ഭാഗവും അറ്റു.
കണ്ണിനടുത്തും സാരമായി പരിക്കുണ്ട്. ഓടുന്നതിനിടെ വീണ് കൈക്കും കാലിനും പരിക്കുണ്ട്. മൂന്ന് ആനകളാണ് ഈ പ്രദേശത്തുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മുത്തുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയും ചെയ്തു. ചെവിക്ക് തുന്നലുണ്ട്.
ആനകളെ കാടുകയറ്റാനായി ദ്രുതകര്‍മസേനയും വനപാലകരും സ്ഥലത്തെത്തി. എന്നാല്‍ വൈകുന്നേരമായിട്ടും ആനകള്‍ ഉള്‍ക്കാട്ടിലേയ്ക്ക് കയറിയില്ല. ഇരുട്ട് വീണതോടെ ദൗത്യത്തിനും തടസമായി. ഒരുമാസമായി ആനകള്‍ ആറങ്ങോട്ടുകുളമ്പ്, പടലിക്കാട് ഭാഗത്തായി കറങ്ങുന്നുണ്ടെന്ന് പറയുന്നു.