തിരുവനന്തപുരം: വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടയില്‍ പോലീസിനെ തള്ളിയിട്ട് പ്രതി രക്ഷപ്പെട്ടു. ബൈക്ക് മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോഷണക്കേസില്‍ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന് സ്റ്റാലിനെ എംജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പോലീസ് പിടികൂടിയത്.
വിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് പോലീസ് ഓഫീസറെ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ശേഷം സ്റ്റേഷന് പിന്നിലെ മതില് ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പോലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന് രക്ഷപ്പെട്ടിരുന്നു.
ക്രൈം വിഭാഗത്തില്‍ ഏതാനും പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം. എന്നാല്‍ ചെരിപ്പിടാതെ ഒരാള്‍ സ്റ്റേഷനില്‍ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടതായി സമീപത്തെ ജ്യൂസ് കടക്കാരനും ഹോട്ടല്‍ സെക്യൂരിറ്റിയും പോലീസിനെ അറിയിച്ചിട്ടുണ്ട്.
നിരവധി മോഷണക്കേസിലെ പ്രതിയായ സെബിന് സ്റ്റാലിന് ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവിയില്‍പ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. മാറന്നല്ലൂരിലെ വീട്ടില്‍ പ്രതിയെത്തിയറിഞ്ഞതോടെ പോലീസ് വീട് വളയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സെബിനെ പോലീസുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ബുള്ളറ്റുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.