പാവറട്ടി: തൃശ്ശൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് യുവാക്കളുടെ ഭീഷണി. സംഭവം അറിഞ്ഞ് വിവരം തിരക്കിയ പെണ്‍കുട്ടിയുടെ അച്ഛന്റെ ഓട്ടോ ടാക്സി യുവാക്കള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പാടൂര്‍ അലീമുല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമാണ് സംഭവം.
മൂന്നുമാസം മുന്‍പ് യുവാക്കള്‍ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്യുന്നതായി അച്ഛന് പാവറട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ടുപേര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെയും അച്ഛനെയും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കുമോ എന്നു ചോദിച്ചായിരുന്നു ഭീഷണി.
വിദ്യാര്‍ത്ഥിനി ഭയന്ന് പ്രാണരക്ഷാര്‍ഥം ഓടി. ഇതിനിടെ വീണ് കൈകാലുകള്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടി മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. മകളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നതിനിടയിലാണ് അച്ഛന് സംഭവമറിയുന്നത്.
മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഇതേ യുവാക്കള്‍ വഴിയില്‍ തടഞ്ഞ് ഓട്ടോ ടാക്സിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തെന്നും പോലീസില്‍ നല്കിയ പരാതിയിലുണ്ട്. തങ്ങള്‍ക്കുനേരെ കല്ലേറ് ഉണ്ടായതായി കാണിച്ച് യുവാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.