കൊച്ചി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും വില കൂടുമെന്ന് വന്നതോടെ വിശദീകരണം നല്കി ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നികുതിയും സെസും ജനങ്ങളെ ബാധിക്കില്ലെന്ന് എംടി രമേശ് തുറന്ന് പറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുന്നത് കൂടി മുന്നില്‍ കണ്ടാണ് അധിക നികുതി ഏര്‍പ്പെടുത്തിയതെന്ന് നേതാവ് പറയുന്നു.
ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയ്ക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുകയാണ്. അതുകൊണ്ടാണ് ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് നല്‍കുന്നത്. ഈ രണ്ടു കാരണങ്ങള്‍ മൂലം ഇന്ധനവില ജനങ്ങളെ കാര്യമായി ബാധിക്കില്ല’- എംടി രമേശ് പറയുന്നു.
പ്രളയ പശ്ചാത്തലത്തില്‍ ബജറ്റില്‍ കേരളത്തോട് അവഗണന കാണിച്ചിട്ടില്ലെന്നും നേതാവ് പറയുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലല്ല, വിദഗ്ധ സംഘം വന്ന് പരിശോധിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ചുഴലിക്കാറ്റില്‍ കേരളത്തേക്കാളേറെ നാശനഷ്ടങ്ങളുണ്ടായ ഒഡിഷയ്ക്കും ബിഹാറിനും പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും എംടി രമേശ് വ്യക്തമാക്കി.