ന്യൂഡല്‍ഹി: കൊച്ചി മരടില്‍ തീരദേശപരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് മാറ്റിയേ തീരുവെന്ന രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തരവിനെതിരെ സ്റ്റേ ഓര്‍ഡര്‍ വാങ്ങാനെത്തിയതായിരുന്നു ഫ്ളറ്റ് ഉടമകള്‍. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു.
തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണെന്ന് കോടതി വിമര്‍ശിച്ചു. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര തുറന്നടിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.
ഈ വിധിയില്‍ ഇളവ് തേടി ഫ്ളാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചിരുന്നു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജി എത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിക്കുകയും ചെയ്തു.
സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നുവെന്നും, ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും കോടതി പറഞ്ഞു. അഭിഭാഷകര്‍ക്ക് പണം മാത്രം മതി എന്നായോ എന്നും കോടതി ചോദിച്ചു. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് നല്‍കുകയും ചെയ്തു. ഫ്ളാറ്റുകള്‍ എത്രയും വേഗം പൊളിച്ച് നീക്കിയേ പറ്റൂവെന്നും കോടതി അന്തിമ വിധി പറഞ്ഞു.