കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ രാജി പുതുതലമുറയക്കുള്ള സന്ദേശമാണെന്ന് കെസി വേണുഗോപാല്‍.
അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാനുള്ളതല്ലെന്നും അത് ചില നിലപാടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ രാജിവെക്കാന്‍ കൂടിയുള്ളതാണെന്നും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം വ്യക്തമാക്കി.
പലരും അധികാരം മാത്രം മോഹിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അധികാര സ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാനുള്ളതല്ലെന്ന വലിയ സന്ദേശം രാഹുല്‍ തന്റെ രാജിയിലൂടെ കാണിച്ചു തരുന്നു. പാര്‍ട്ടിയില്‍ ഇനി അടിമുടി മാറ്റമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടച്ചു വാര്‍ക്കേണ്ടതുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ലോക്സഭാതെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാഹുല്‍ തന്റെ രാജിക്കത്ത് ട്വീറ്റ് ചെയ്തിരുന്നു.