തിരുവനന്തപുരം: കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരിച്ച് നല്കിയപ്പോള് കെഎസ്ആര്‍ടിസി ഈടാക്കിയ തുക 4000. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തലസ്ഥാനത്ത് എത്തിയ കോതമംഗലം സ്വദേശിനിക്കാണ് ബസില്‍ വെച്ച് പാദസരം നഷ്ടപ്പെട്ടമായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് ഈ വിവരം സമൂഹമാധ്യമങ്ങള്‍ വഴി കൈമാറി.
അതേസമയം, പാദസരം കണ്ടെടുത്ത് ഏല്‍പ്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. പിന്നീട് അവരുടെ ഫേസ്ബുക്ക് വഴിയും വിവരം കൈമാറി. ആ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്.
യാത്രക്കാരി നല്കിയ പാദസരം ഒരു ദിവസമാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. തൊട്ടടുത്ത ദിവസം പാദസരം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയോട് 4000 രൂപയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. മാത്രമല്ല നോട്ടക്കൂലിക്ക് പുറമെ 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും രണ്ട് ആള്‍ജാമ്യവും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.
ഒടുവില്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടംവാങ്ങിയാണ് വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസിയുടെ പണം നല്‍കിയത്. കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്നാണ് കെഎസ്ആര്‍ടിസി നിയമമെന്നാണ് പണം വാങ്ങിയതിനു അധികൃതര്‍ നല്കിയ ന്യായം .