തിരൂരങ്ങാടി: വീട്ടില്‍ നിന്നും മോഷണം പോയ മൂന്നുലക്ഷം രൂപ അതേവീട്ടിലെ അടുക്കളയില്‍ നിന്നും കണ്ടെത്തി. നന്നമ്പ്ര ചെറുമുക്ക് ജീലാനി നഗറിലെ മഠത്തില്‍ മികച്ച മുഹമ്മദലിയുടെ വീട്ടിലെ മോഷണമാണ് താനൂര്‍ പോലീസിന് ഒരേ സമയം തലവേദനയും ആശ്വാസവുമുണ്ടാക്കിയത്. അടുക്കളയില്‍ നിന്ന് പണം കണ്ടെത്തിയതായി വീട്ടുകാര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്.
ഭൂമി വിറ്റ് ലഭിച്ച മൂന്നുലക്ഷം രൂപയും രണ്ടുപവന്‍ സ്വര്‍ണവും മോഷണം പോയെന്നായിരുന്നു വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി വിശദമായ പരിശോധന നടത്തുകയും വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഭൂമി വിറ്റ പണം, ഭൂമി വാങ്ങിയയാള്‍ വീട്ടിലെത്തി നല്കിയതിനുശേഷം രണ്ടുമണിക്കൂറിനുള്ളിലാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ പണം വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്ക്കിടിയില് നിന്നും കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. താനൂര്‍ എസ്എച്ച്ഒ എഎം സിദ്ദീഖും സംഘവും വീട്ടിലെത്തി പണം കസ്റ്റഡിയിലെടുത്തു.