ന്യൂഡല്‍ഹി; സര്‍ക്കാര്‍ പട്ടികയില്‍ ഇല്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവ്. കാസര്‍ഗോട്ടെ നാലു ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാര നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. കുമാരി അര്‍ച്ചന, മാസ്റ്റര്‍ അഫ്സല്, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ യോഗ്യത ഇല്ലെന്ന സര്‍ക്കാട് വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ചികിത്സാ സഹായവും പെന്‍ഷനും നല്‍കുന്നവരെ എങ്ങനെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആകുമെന്ന് കോടതി. ഈ സഹായങ്ങള്‍ തന്നെ ഇവര്‍ ദുരിത ബാധിതര്‍ ആണെന്നതിന് തെളിവ് അല്ലേയെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നാലു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്കിയവരാണ് ഈ നാലു പേരും.