കോട്ടയം: പോലീസ് സഹായിക്കാത്തതിനെ തുടര്‍ന്ന് കോട്ടയത്ത് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ രക്തം വാര്‍ന്ന് മരിച്ചു. കുറവിലങ്ങാടിന് സമീപമുള്ള വെമ്പള്ളിയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുറവിലങ്ങാട് സ്വദേശിയായ റോണി ജോ എന്നയാളാണ് രക്തം വാര്‍ന്ന് മരിച്ചത്. സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും പരിക്കേറ്റയാളെ രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
റോണി ജോയും മകന് ഫിലിപ്പും ബൈക്കില്‍ സഞ്ചരിക്കവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചവീണ റോണിയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ഈ സമയത്ത് തൃശ്ശൂര്‍ എആര്‍ ക്യാംപില്‍ നിന്നും ഒരു വാഹനം ഈ വഴി വന്നെങ്കിലും പരിക്കേറ്റവരെ വാഹനത്തില്‍ കയറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് അരമണിക്കൂറോളമാണ് റോണി രക്തം വാര്‍ന്ന് റോഡില്‍ കിടന്നത്.
പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത് വിസമ്മതിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. എആര്‍ ക്യാംപിലെ കറുകച്ചാലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന് വിരമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു ഇവര്‍. പരിക്കേറ്റ റോണിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരോപണം.