കോഴിക്കോട്: ജന്മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള മുഹമ്മദ് റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് എട്ടുവയസ്സുകാരന് തന്റെ ഏറെ നാളായുള്ള ആഗ്രഹം തുറന്നു പറഞ്ഞത്. മറ്റൊന്നുമല്ല എം80 മൂസയെ അവതരിപ്പിച്ച പ്രശസ്ത ചലച്ചിത്രതാരം വിനോദ് കോവൂരിനെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്നായിരുന്നു ആ ആഗ്രഹം.
അടുത്ത കട്ടിലില്‍ കിടക്കുന്നവര്‍ ആ കൊച്ചു കുട്ടിയുടെ ആഗ്രഹം കേട്ട് തള്ളിക്കളയാതെ ആരാധകന്റെ ആഗ്രഹം നടനെ അറിയിച്ചു. വിനോദ് കോവൂരിന്റെ നാട്ടുകാരായിരുന്നു അവര്‍. വിവരമറിഞ്ഞ വിനോദ് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് എറണാകുളത്തെ ഷൂട്ടിങ് സ്ഥലത്തുനിന്നും തന്റെ കുഞ്ഞാരാധകനെ കാണാനായി മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു.
മധുരപലഹാരങ്ങളുമായി തന്റെ മുന്നിലെത്തിയ എം80 മൂസയെ കണ്ട് റഹ്മത്തുല്ല ആദ്യമൊന്ന് ഞെട്ടി. തന്റെ മനസ്സില്‍ അത്ത്രതോളം കയറിപ്പറ്റിയ ആ താരത്തെക്കണ്ട് പിന്നീട് റഹ്മത്തുല്ലയുടെ മുഖത്ത് വിരിഞ്ഞത് നാണമായിരുന്നു. വിനോദ് സംസാരിച്ച് തുടങ്ങിയപ്പോള്‍ റഹ്മത്തുല്ലയും ആവേശത്തോടെ സംസാരിക്കാന്‍ തുടങ്ങി. തന്റെ വിശേഷങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ച ആ ബാലന് പിന്നീട് തന്റെ സ്വപ്നത്തെക്കുറിച്ചും പറഞ്ഞു.
‘വലുതായാല്‍ ഒരു എം80 വണ്ടി വാങ്ങണം’ അതായിരുന്നു ആ കൊച്ചുപയ്യന്റെ സ്വപ്നങ്ങളില്‍ മുന്നിലുള്ളത്. ഇറങ്ങാന്‍ നേരം താരത്തോട് ഒരു ചോദ്യവും റഹ്മത്തുല്ല ചോദിച്ചു. ‘മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?’ ചോദ്യം കേട്ട് ഒരു പുഞ്ചിരി സമ്മാനിച്ചായിരുന്നു വിനോദ് യാത്ര പറഞ്ഞത്.
പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കു സമീപം താമസിക്കുന്ന അബ്ദുല്‍റസാഖിന്റെയും ഷഹബാനത്തിന്റെയും മകനാണ് മുഹമ്മദ് റഹ്മത്തുല്ല. ജന്മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ കോളേജില്‍ കഴിയുകയാണ് റഹ്മത്തുല്ല.