മുംബൈ: നിപ്പാ വൈറസിന്റെ സാന്നിധ്യമുണ്ടാവാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ ഏഴിനത്തില്പ്പെട്ട വവ്വാലുകള്‍ക്ക് പുറമെ, കേരളത്തില്‍ ആറിനങ്ങളില്‍ കൂടി നിപ്പാ വൈറസിന്റെയോ അല്ലെങ്കില്‍ സമാനരീതിയിലുള്ള മറ്റ് വൈറസിന്റെയോ വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഭീതി പടര്‍ത്തിയ നിപ്പാ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ‘നിര്‍മ്മിതബുദ്ധി'(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ഇത്തരത്തിലുള്ള വവ്വാലുകള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതുതായി കണ്ടെത്തിയ ആറിനം വവ്വാലുകളില്‍ നാലെണ്ണം ഇന്ത്യയിലുള്ളതാണ്. ഇതില്‍ കേരളത്തില്‍ കണ്ടുവരുന്ന രണ്ടിനത്തില്‍ നിപ്പാ വൈറസ് വഹിക്കാനുള്ള സാധ്യത 80 ശതമാനംവരെയാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതുവരെ ഈ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.
48 സ്വഭാവസവിശേഷതകളോടുകൂടിയ 523 വവ്വാല്വര്ഗങ്ങളിലായിരുന്നു പഠനം നടത്തിയത്. ഏഷ്യ, ഓസ്ട്രേലിയ, ഓഷ്യാന എന്നിവിടങ്ങളില്‍ വൈറസ് ബാധ കണ്ടെത്തിയ വവ്വാലുകളുടെ സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തി, ‘നിര്‍മ്മിതബുദ്ധി’യധിഷ്ഠിതമായ ‘മെഷീന് ലേണിങ്’ ഉപയോഗിച്ചാണ് ‘വൈറസ്’ വാഹകരാകാവുന്ന വവ്വാലുകളെ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ ‘ടെറോപസ് മീഡിയസ്’ എന്ന വര്‍ഗത്തിലാണ് പ്രധാനമായും ‘നിപ’ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബംഗ്ലാദേശിലും ഇത്തരം വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതും. ഇതിനു സമാനസവിശേഷതകളുള്ള മറ്റിനം വവ്വാലുകളും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.