തിരൂര്‍: പ്രസവ ശേഷം രോഗികളെ സൗജന്യമായി വീട്ടിലെത്തിക്കുന്ന ശ്രീ ടാക്സി പദ്ധതിക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തുടക്കമായി. ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതിയുടെ ഭാഗമായി പ്രസവത്തിന് സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നവരെ പ്രസവ ശേഷം സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ശ്രീ ടാക്സി.
ശ്രീ ടാക്സി പദ്ധതിയിലെ ടാക്സി ഡ്രൈവറായ റഹ്മത്ത് എന്ന കുടുംബശ്രീ പ്രവര്‍ത്തക പരപ്പനങ്ങാടി സ്വദേശിയായ കുടുംബത്തെ വീട്ടിലെത്തിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
നേരത്തെ ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ഗര്‍ഭിണികള്‍ക്ക് പ്രസവാനന്തരം 500 രൂപ യാത്രക്കൂലിയായി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പാളിച്ചകള്‍ പറ്റിയതിനെ തുടര്‍ന്നാണ് യാത്രാകൂലി നല്‍കുന്നതിന് പകരം സൗജന്യമായി വീടുകളിലെത്തിക്കുന്ന ശ്രീ ടാക്സി പദ്ധതി ആരംഭിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് തീരുമാനിച്ചത്.
തുടര്‍ന്ന് മലപ്പുറം കുടുംബശ്രീ പദ്ധതി ഏറ്റെടുക്കുകയും പൈലറ്റ് പ്രോഗ്രാമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുകയും ചെയ്തു. പദ്ധതി വിജയകരമായാല്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശ്രീ ടാക്സി വ്യാപിപ്പിക്കാനാണ് തീരുമാനം.