മംഗലാപുരം: കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് കുത്തിവീഴ്ത്തിയത് സംസ്ഥാനത്തെ തന്നെ നടുക്കിയ ഒന്നാണ്. പെണ്‍കുട്ടിയെ 12 തവണയാണ് യുവാവ് കുത്തിയത്. ശേഷം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ യുവതിയുടെ പാതിജീവനെങ്കിലും തിരിച്ചു കിട്ടാന്‍ ഇടയായത് മലയാളി നഴ്സായ നിമിയുടെ ഇടപെടല്‍ മൂലമാണ്. ചങ്കൂറ്റത്തോടെ പ്രശ്നത്തില്‍ ഇടപെട്ട് മരണത്തോട് മല്ലടിക്കുന്ന പെണ്‍കുട്ടിയെയും കഴുത്ത് മുറിച്ച് നില്ക്കുന്ന കൊലയാളിയെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിമി ഉള്ളാള്‍ കെഎസ് ഹെഗ്ഡേ മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്.
രക്തം പുരണ്ട കത്തിയുമായി അക്രമാസക്തമായി നില്ക്കുന്ന കൊലയാളിയുടെ അടുത്തേയ്ക്ക് ആരും പോകുവാന്‍ തന്നെ ഭയക്കും. പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരെയും തള്ളിയാണ് നിമി അവിടേയ്ക്ക് ചെന്നത്. സ്വയരക്ഷയ്ക്കായി ഒന്നും കരുതാതെയാണ് നിമി അവിടേയ്ക്ക് എത്തിയത്. നിമിയുടെ ഇടപെടല്‍ അമ്പരപ്പോടെയാണ് ചുറ്റുമുള്ളവര്‍ കണ്ടത്.
സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കൂടി നിന്നവര്‍ പിന്തിരിപ്പിക്കാന് ശ്രമം നടത്തി. എന്നാല്‍ മനസാന്നിധ്യത്തോടെ നിമി ഇറങ്ങുകയായിരുന്നു. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്-24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാല്‍ അക്രമിയെ നിമി കൈയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കണ്ടു നിന്നവരും സഹായത്തിനായി ഓടിയെത്തി.
തുടര്‍ന്നാണ് നഴ്സ് നിമിയും ചുറ്റുമുണ്ടായിരുന്നവരും ചേര്‍ന്ന് പെണ്‍കുട്ടിയെയും അക്രമിയായ സുശാന്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. സുശാന്ത് അപകടനില തരണം ചെയ്തെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ശക്തിനഗര്‍ സ്വദേശിയായ സുശാന്തും പെണ്‍കുട്ടിയും മൂന്നുവര്‍ഷമായി പരിചയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത്. അടുത്തകാലത്തായി പെണ്‍കുട്ടി യുവാവില്‍ നിന്ന് അകന്നതിനെ തുടര്‍ന്നുണ്ടായ പകയാണ് അക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.