കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോട്ടയത്ത് അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഡിജിപി നിലപാട് അറിയിച്ചത്.
പുറത്തുള്ള വ്യാഖ്യാനങ്ങള്‍ക്ക് മറുപടി നല്കാന് തനിക്കാവില്ലെന്നും പോലീസ് ഉത്തരം പറയേണ്ടത് കോടതിയോടാണെന്നും ഡിജിപി പ്രതികരിച്ചു. കേസന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മറ്റന്നാള്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോകും.
ഇന്നു കോട്ടയം എസ്പി ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് അന്വേഷണ സംഘം ജലന്ധറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്യട്ടെയെന്ന തീരുമാനത്തില്‍ എത്തിയത്. ഡിജിപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐജി വിജയ് സാക്കറെ, എസ്പി ഹരിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ അന്വേഷണസംഘത്തലവനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് യോഗത്തില്‍ പങ്കെടുത്തില്ല.
അതേസമയം, കെവിന് കേസിലും ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചു. കേസില്‍ ഓഗസ്റ്റ് 20നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കി.