കൊച്ചി: മുവാറ്റുപുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് 50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ എല്‍ദോ എബ്രഹാം അറിയിച്ചു. മൂവാറ്റുപുഴ ബൈപ്പാസ് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
മുവാറ്റുപുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് സഭയില്‍ ഉറപ്പുനല്‍കി. പദ്ധതി കിഫ്ബി വഴി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്കി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊജക്ട് തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുന്നതോടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ദേശീയപാത 49 തുടങ്ങി മൂവാറ്റുപുഴയാര്‍ മുറിച്ചുകടന്ന് എംസി റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡും പാലവും ഉള്‍പ്പെടുന്നതാണ് മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതി. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നാരംഭിച്ച് എംസി റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്ന മൂവാറ്റുപുഴ ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ കോട്ടയം, തൊടുപുഴ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ ഇതുവഴി പോകാനാവും.
പുതുതായി ബൈപ്പാസുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭ്യമാണെങ്കിലും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം മൂലം നിര്‍മ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.