പനമരം: വീടും പുരയിടവും സര്‍ഫാസി ആക്ട് പ്രകാരം ജപ്തി ചെയ്യുമെന്ന ബാങ്ക് ഭീഷണിക്കു മുന്നില്‍ നിസ്സഹായരായി വയനാട്ടിലെ ഒരു കുടുംബം. വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്നും ലോണെടുത്ത മാനന്തവാടി ചെറ്റപ്പാലം സ്വദേശി വെണ്ടേക്കും കണ്ടി രവീന്ദ്രനും കുടുംബവുമാണ് ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ വഴിമുട്ടിയിരിക്കുന്നത്.
2004ലാണ് വീട് നിര്‍മ്മാണത്തിനായി രവീന്ദ്രന് ഫെഡറല്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. നാലു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇതിനകം 36 തവണകള്‍ മുടങ്ങാതെ രവീന്ദ്രന് തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ ബാങ്ക് ജീവനക്കാരനായിരുന്ന രവിയുടെ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. ഇതേതുടര്‍ന്ന് ബാങ്ക് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് അയക്കുകയായിരുന്നു.
ജപ്തി നോട്ടീസ് വന്നതോടെ പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവുമായി എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് തെയ്യം കലാകാരന് കൂടിയായ രവി. പണം തിരിച്ചടക്കാന്‍ രവീന്ദ്രന് വീട് വില്‍ക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കുരുക്ക് കാരണം ഇതിന് കഴിയാത്തത് രവീന്ദ്രന് തിരിച്ചടിയായി.
വീട് വില്‍ക്കാനുള്ള സാവകാശമെങ്കിലും നല്‍കണമെന്നാണ് രവീന്ദ്രന്റെ ഇപ്പോഴത്തെ അഭ്യര്‍ത്ഥന. മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും രംഗത്തുണ്ട്.