തൃശൂര്‍: വിവാദക്കുരുക്കുകള്ക്കിടയില് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. തൃശൂര്‍ പൂര വിളംബര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.
നാളെ മുതല്‍ 200 വര്‍ഷം പഴക്കമുള്ള ഒരു ആചാരം തുടങ്ങുകയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും എന്നായിരുന്നു ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ പരിഹസിക്കുന്ന രീതിയില്‍ കുറിച്ചത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് വിലക്കിയതില്‍ പ്രതിഷേധിച്ച് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് കര്‍ശന ഉപാധികളോടെ പൂര വിളംബര ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ ഒരു മണിക്കൂര്‍ നേരത്തേക്കാണ് അനുമതി നല്‍കിയത്. ചടങ്ങിന് ശേഷം ആനയെ ലോറിയില്‍ കയറ്റി ക്ഷേത്രപരിസരത്തുനിന്നും കൊണ്ടു പോയി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പു കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും.