കണ്ണൂര്‍: തീവണ്ടിയിലെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ റെയില്‍വേ സംരക്ഷണ സേന ഒരുങ്ങുന്നു. അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്ക്വാഡ് രംഗത്തെത്തുന്നത്. പാലക്കാട് ഡിവിഷന് സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ്കുമാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.
തീവണ്ടികളിലെ വാതിലിനരികില്‍ ഇരുന്നും നിന്നും യാത്ര ചെയ്യുന്നവരാണ് പലപ്പോഴായും അപകടങ്ങളില്‍ പെടുന്നത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചും വരികയാണ്. റെയില്‍വേ നിയമപ്രകാരം ചവിട്ടുപടിയില്‍ നില്ക്കുന്നതും ഇരിക്കുന്നതും കുറ്റമാണെങ്കിലും യാത്രക്കാര്‍ പലപ്പോഴും ഇത് ശ്രദ്ധയില്പ്പെടുത്തുന്നില്ല. കാസര്‍കോട് ആര്‍പിഎഫ് സെക്ഷനില്‍ മാത്രം 70 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്‍സ്പെക്ടര്‍ പി വിജയകുമാര്‍ പറയുന്നു.
എന്നാല്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ സംരക്ഷണ സേന ഇപ്പോള്‍. പാലക്കാട് ഡിവിഷന് സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ്കുമാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തുക.
തീവണ്ടിയിലെ വാതിലിന് 85 കിലോയാണ് ഭാരമുള്ളത്. പുതിയ ലിങ്ക് ഹോഫ്മാന്‍ ബോഷ് (എല്‍.എച്ച്.ബി.) കോച്ചുകളിലെ വാതിലുകള്‍ക്ക് ഭാരം അല്‍പ്പം കുറവാണ്. എങ്കിലും ഈ വാതിലുകള്‍ അപ്രതീക്ഷിതമായി അടയുമ്പോള്‍ പരിക്കേല്‍ക്കാന്‍ സാധ്യത വളരെ കൂടുതലുമാണ്. റെയില്‍വേ കണക്കുപ്രകാരം മരണങ്ങളെക്കാള്‍ ഗുരുതരമായി പരിക്കേറ്റവരാണ് കൂടുതലുമുള്ളത്.
വാതില്‍ക്കലില്‍ ഇരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്ഫോമില്‍ കാലിടിച്ച് പരിക്കേറ്റവരും ഒട്ടേറെയാണ്. ഓടുന്ന വണ്ടിയില്‍നിന്ന് ചാടിയിറങ്ങുകയും ചാടിക്കയറുകയും ചെയ്യുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും നിരവധിയുണ്ട്. വിദ്യാര്‍ത്ഥികളാണ് ചവിട്ടു പടിയില്‍ കൂടുതലായും ഇരിക്കുകയും നില്‍ക്കുകയും ചെയ്
ത് യാത്രചെയ്യുന്നതെന്ന് റെയില്‍വേ സംരക്ഷണ സേന പറയുന്നു.
തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണം ആര്‍പിഎഫ് നല്‍കും. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ ലഭിക്കുക.