കോട്ടയം: കുഞ്ഞുമനസിന്റെ വലിയ കാരുണ്യം കൊണ്ട് ജനമനസുകള്‍ കീഴടക്കിയ വൈഷ്ണവിയ്ക്ക് കടല്‍ കടന്നൊരു സ്നേഹസമ്മാനം. ഏറെ നാളായി സൈക്കിളിന് വേണ്ടി സ്വരൂപിച്ചു വച്ച കുടുക്കയിലെ പണം മുഴുവന്‍ വെള്ളപ്പൊക്കത്തില്‍ പുസ്തകവും പഠനസാമഗ്രികളും വാങ്ങാന്‍ നല്‍കിയാണ് കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവി എല്ലാവരുടെയും കണ്ണ് തുറപ്പിച്ചത്.
വൈഷ്ണവിയുടെ വാര്‍ത്ത കണ്ട കുവൈറ്റില്‍ ജോലി ചെയ്യുന്ന അമലഗിരി സ്വദേശി സ്വദേശി ലൂക്കോസ് ജോസഫ് വൈഷ്ണവിയുടെ സ്വപ്നമായ പുത്തന്‍ സൈക്കിളുമായി സ്കൂളിലെത്തി. വൈഷ്ണവി ആഗ്രഹിച്ചതുപോലെ തന്നെ പിങ്ക് നിറത്തിലുള്ള സൈക്കിളാണ് സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്. ഇതോടൊപ്പം 600 രൂപ നിക്ഷേപിച്ച ഒരു കുടുക്കയും ലുക്കോസ് ജോസഫ് സമ്മാനിച്ചു.
ദുരിതാശ്വാസത്തിനായി സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച വെള്ളിരൂപയാണ് വൈഷ്ണവി ദുരിതാശ്വാസത്തിനായി നല്‍കിയത്. ”സൈക്കിള്‍ മേടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ ടീച്ചറേ, ആദ്യം എന്റെ കൂട്ടുകാര്‍ക്കു പഠിക്കാനുള്ള ബുക്ക് വാങ്ങിക്കൊടുക്ക്”-എന്നായിരുന്നു വൈഷ്ണവിയുടെ മറുപടി.