തിരുവനന്തപുരം: കട്ടമരത്തില്‍ യാത്രചെയ്ത മത്സ്യത്തൊഴിലാളി തീരസംരക്ഷണസേനയുടെ പിടിയില്‍. പൂവാര്‍ സ്വദേശിയായ ക്ലെമന്‍സ്(78) ആണ് തീരദേശ സേനയുടെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. തുമ്പ കടലില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
അഞ്ചുതെങ്ങിലുള്ള മകളുടെ വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് ക്ലെമന്‍സ് എത്തിയത്. ഇവിടെ വെച്ചാണ് ക്ലെമന്‍സ് മീന്‍പിടിത്തത്തിനായി പുത്തന്‍ തോപ്പിലുള്ളയാളുടെ പക്കല്‍നിന്ന് കട്ടമരം വാങ്ങിയത്. ഇതില്‍ ക്ലെമന്‍സ് അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് പൂവാറിലേക്കു പോകുമ്പോഴാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് തീരദേശ സേന പിടികൂടിയത്.
തുമ്പ കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന സേനയുടെ സി-441 എന്ന ചെറുകപ്പലിലെ സൈനികരാണ് ഇയാളെ പിടികൂടിയത്. ഇയാളെ കപ്പലില്‍ കയറ്റിയശേഷം കട്ടമരത്തെ കെട്ടിവലിച്ച് വിഴിഞ്ഞം തീരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തീരദേശ പോലീസില്‍ വിവരമറിയിച്ചു. വൈകീട്ടോടെ ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് ക്ലെമന്‍സിനെ വിട്ടയച്ചത്.