കോട്ടയ്ക്കല്‍: കേരളത്തില്‍ ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോള്‍ തന്നെ വിപണിയില്‍ മീന്‍വില കുതിച്ചുയരുന്നു. അയലയ്ക്കും മത്തിക്കും 200രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ ദിവസത്തെ വില. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് ബോട്ടുകള്‍ പോകാത്തതും മത്സ്യലഭ്യത കുറഞ്ഞതുമാണ് വിപണിയില്‍ മീന്‍വില കൂടാന്‍ കാരണം.
ഞായറാഴ്ച ഒരു കിലോ അയലയ്ക്ക് 260 രൂപയും മത്തിയ്ക്ക് 200 രൂപയുമാണ് വില. ചൂരയ്ക്ക് 240 രൂപയും അയക്കൂറയക്ക് 1000 രൂപയുമായി. കണവ, ആവോലിമുള്ളന് പോലെയുള്ള ചെറുമീനുകള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇനി മൂന്നുദിവസം കനത്തമഴയും കാറ്റും ഉണ്ടാകാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചെറുവള്ളങ്ങളില്‍ പോയി പിടിക്കുന്ന മത്സ്യം മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളു. വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് നിര്‍ത്തി വെച്ചതോടെ മത്സ്യലഭ്യത കുറയുകയും വില വര്‍ധിക്കുകയും ചെയ്തു.
മീന്‍ലഭ്യത കുറഞ്ഞതോടെ വരുമാനമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തീരദേശവാസികള്‍. അടുത്തിടെ കോഴി വില ഉയര്‍ന്നതോടെ മത്സ്യത്തിന് ആവശ്യക്കാര്‍ ഏറിയിരുന്നു. നല്ല വില്പന നടന്നുകൊണ്ടിരുന്ന ഈ സമയത്താണ് ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നത്.