ഏറ്റുമാനൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മദ്യപിച്ച് ‘പൂസാ’യ യുവാവിന്റെ വാശിയില്‍ പുലിവാല് പിടിച്ചത് അഗ്നിരക്ഷാസേന. പൂച്ചയെ രക്ഷിക്കാതെ കിണറ്റില്‍ നിന്ന് കയറില്ലെന്ന് വാശിപിടിച്ച യുവാവിനെ ഒടുവില്‍ വല ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. കോട്ടയം ജില്ലയിലെ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം 4.20-നായിരുന്നു സംഭവം.
കോട്ടമുറി ഇന്ദിരാപ്രിയദര്‍ശിനി കോളനി താമസക്കാരനായ മധു(36)വാണ് കിണറ്റിനുള്ളില്‍ കുടുങ്ങിയത്. ഇയാള്‍ നന്നായി മദ്യപിച്ചിരുന്നു. പൂച്ചയെ രക്ഷിക്കുമെന്ന് പറഞ്ഞ് കിണറ്റില്‍ ഇറങ്ങിയ മധു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ കയറിയില്ല. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മധുവിനോട് കിണറ്റില്‍ നിന്ന് കറിവരാന് ആവശ്യപ്പെട്ടു. എന്നാല്‍ ‘കിണറ്റില്‍ പൂച്ചയുണ്ട്,അതിനെ രക്ഷിക്കാതെ ഞാന്‍ കയറിവരില്ല. നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ വരില്ല’ എന്നായിരുന്നു മധുവിന്റെ നിലപാട്. തുടര്‍ന്ന് സേനാംഗങ്ങള്‍ കിണറ്റിനുള്ളിലേക്ക് റോപ്പ് എറിഞ്ഞുകൊടുത്തു. എന്നാല്‍ ഇതില്‍ പിടിച്ച് കയറാനും മദ്യലഹരിയിലായിരുന്ന മധു കൂട്ടാക്കിയില്ല.
കിണറ്റിനുള്ളില്‍ അകപ്പെട്ട പൂച്ച എവിടെയെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് തങ്ങള്‍ കിണറ്റിലേക്കിറങ്ങിവരുമെന്ന് സേനാംഗങ്ങള്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ മധു വലയില്‍ കയറി. തുടര്‍ന്ന് റോപ്പ് ഉപയോഗിച്ച് വലിച്ച് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു