കൊട്ടാരക്കര: ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊട്ടാരക്കരയില്‍ അംഗപരിമിതരായ ദമ്പതികള്‍ ജീവനൊടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര കുളക്കട ലക്ഷംവീടു കോളനിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
ഇതിനുശേഷം സജി സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയില്‍ കയറി പുറത്തേക്കു പോയി. ഈ സമയം പൊന്നമ്മ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് തിരികെ എത്തിയ സജി വീട്ടില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ സജിയുടെ മൃതദേഹമാണ് കണ്ടത്. സജി കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.