കൊച്ചി: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായി സുരേഷ് ഗോപിയെ ട്രോളി വിടി ബല്‍റാം രംഗത്ത്. പോണ്ടിച്ചേരിയിലെ കാര്‍ രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാം സുരേഷ് ഗോപിയെ പരിഹസിച്ചത്. ‘മോഡിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
കാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖയുടെ ഫോട്ടോയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം വിടി ബല്‍റാം പങ്കുവെച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. 20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന് ആണ് വ്യാജവിലാസത്തില്‍ കേരളത്തില്‍ ഓടിയത്.
ഇത്തരം കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. സുരേഷ് ഗോപി നികുതി വെട്ടിക്കാനായിരുന്നു പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.