തിരുവനന്തപുരം: മഹാപ്രളയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ അമിക്കസ്ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് വൈദ്യുത മന്ത്രി എംഎം മണി. യുപിഎ സര്‍ക്കാരിന്റെ വക്കീലായിരുന്നു അമിക്കസ്ക്യൂറിയെന്നും, റിപ്പോര്‍ട്ട് അമിക്കസ്ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എംഎം മണി ആരോപിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തള്ളി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനുള്ള നീക്കമാണ് റിപ്പോര്‍ട്ടിനു പിന്നിലെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു എന്ന അമിക്കസ്ക്യൂറി വാദം യുക്തിക്ക് നിരക്കുന്നതല്ല. ഓഗസ്റ്റ് ഒന്പതിനു തന്നെ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം അമിക്കസ്ക്യൂറി തേടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രളയം സംബന്ധിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.