പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് ഘട്ടം ഘട്ടമായി നാല് ഷട്ടറുകളും തുറന്നത്. മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്.
115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും.
പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസത്തേക്കു കൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
ഇതിനുമുമ്പ് 2013-ലും 14-ലുമാണ് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നത്. 2013-ല്‍ ഓഗസ്റ്റ് 15മുതല്‍ നവംബര്‍ എട്ടുവരെയും 2014-ല്‍ സെപ്റ്റംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 27വരെയുമാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മഴ കുറഞ്ഞത് അണക്കെട്ടിലെ സംഭരണത്തെ ബാധിച്ചു. 2011-ലും 2013-ലും ജൂലായില്‍ത്തന്നെ ജലനിരപ്പ് 113 മീറ്ററായിരുന്നു
അണക്കെട്ട് തുറക്കുന്നതിനാല്‍ മുന്‍കരുതലെന്നോണം സെല്‍ഫിയെടുക്കുന്നത് വിലക്കി. പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടംകൂടി നില്‍ക്കുകയോ സമീപത്തുനിന്ന് സെല്ഫിയെടുക്കുകയോ ചെയ്യരുതെന്ന് ഡിടിപിസി അധികൃതര്‍ കര്‍ശന നിര്‍ദേശം നല്കി.
മുന്‍കരുതലുകള്‍
* ഷട്ടറുകള്‍ തുറന്നതിനുശേഷം നദിമുറിച്ച് കടക്കരുത്
* നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക
* നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും
അതീവജാഗ്രത പാലിക്കണം
* പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും മറ്റ് ഔദ്യോഗിക വാര്‍ത്തകളും മാത്രം ശ്രദ്ധിക്കുക.